കൃഷ്ണഗിരി : തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാവണവാട്ടൈ ഗ്രാമത്തിലെ ശിവരാജിന്റെ മകൻ എട്ടം ക്ലാസ് വിദ്യാർഥിയായ രോഹിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹിത്തിന്‍റെ ബന്ധുവായ 17കാരിയും രണ്ട് യുവാക്കളും അറസ്റ്റിലായിരുന്നു. പെൺകുട്ടിയും പ്രതികളിൽ ഒരാളും തമ്മിലുള്ള പ്രണയബന്ധം രോഹിത് അറിഞ്ഞതാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്. മാവണവാട്ടൈ ഗ്രാമത്തിലെ ശിവരാജിന്റെ മകൻ എട്ടാം ക്ലാസ് വിദ്യാർഥിയായ രോഹിത്തിനെ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കളിക്കാനായി പുറത്ത് പോയ ശേഷം കാണാതാവുകയായിരുന്നു. പിറ്റേന്ന് തിരുവോട്ട് കീഴ്പള്ളം വനമേഖലയ്ക്ക് സമീപം രോഹിത്തിന്റെ മൃതദേഹം കണ്ടെത്തി.
നാട്ടുകാർ കുത്തിയിരുപ്പ് സമരം നടത്തിയതിനു പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകകയും രോഹിത്തിനൊപ്പം അവസാനം കണ്ട രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മാവാനാവട്ടി സ്വദേശിയായ 22 കാരനായ പി. മദേവനെയും ഇയാളുടെ സുഹൃത്ത് 21 വയസുകാരൻ എം മാധവനെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. മദേവനും രോഹിത്തിന്റെ ബന്ധുവായ 17കാരിയും പ്രണയത്തിലായിരുന്നു. ഞായറാഴ്ച ക്ഷേത്രത്തിനു പിന്നിൽ ഇരുവരും ഒന്നിച്ചു ഇരിക്കുന്നത് രോഹിത് കണ്ടു. ഇക്കാര്യം രോഹിത് മറ്റുള്ളവരോട് പറയുമെന്ന് യുവാവും കാമുകിയും ഭയന്നു. ഇതോടെ രോഹിത്തിനെ വകവരുത്താൻ യുവാവും യുവതിയും തീരുമാനിയ്ക്കുകയായിരുന്നു.