ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുൻ വൈരാഗ്യമായിരുന്നു സുരേഷ് കുമാറിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കേസില്‍ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്. വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞായിരുന്നു കാവാലം സ്വദേശി സുരേഷ് കുമാർ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മസ്തിഷ്ക അണുബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാം തിയതിയാണ് യുവാവ് മരിച്ചത്.
സുരേഷിന്റെ മരണശേഷമാണ് ഇയാൾക്ക് സുഹൃത്തുക്കളിൽ നിന്ന് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നു എന്ന് കുടുംബം അറിഞ്ഞത്. തുടർന്ന് മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് പുളിങ്കുന്ന് പോലീസ് സ്റ്റേഷനിൽ സുരേഷിന്റെ കുടുംബം പരാതി നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന് സുഹൃത്തുക്കളിൽ നിന്ന് ക്രൂരമായ മർദന മേൽക്കേണ്ടിവന്നതായി കണ്ടെത്തിയത്. മെയ് ഇരുപതിന് സുരേഷിനെ അറസ്റ്റിലായ യദു കുമാർ, ഹരികൃഷ്ണൻ എന്നിവർ ഉൾപ്പടെയുള്ള സംഘം മദ്യപിക്കാൻ എന്നപേരിൽ കൂട്ടി കൊണ്ട് പോകുകയും ക്രൂരമായി മർദിക്കുകയും ചെയ്തു എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. മർദനത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മസ്തിഷ്ക അണുബാധയായി മാറിയതും മരണത്തിന് കാരണമായതും. തലയ്ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയിരുന്നു. സുരേഷ് നിരന്തരം കളിയാക്കുന്നതുൾപ്പടെയുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.