ലഖ്നൗ: ഉത്തർപ്രദേശിലെ മീറഠിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കുത്തിക്കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വെള്ളം നിറയ്ക്കുന്ന ഡ്രമ്മിലിട്ട് സിമന്റ് തേച്ചടച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 29കാരനായ സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ മുസ്കാന്‍ റസ്തോഗി(27)യും കാമുകന്‍ സാഹില്‍ ശുക്ല (25) എന്ന മോഹിതും ചേർന്നായിരുന്നു ക്രൂരകൊലപാതകം നടത്തിയത്. ഇരുവരും അറസ്റ്റിലായതിനു പിന്നാലെയാണ് കേസിൽ ദുർമന്ത്രവാദവും ആഢംബര ജീവിതവും ബോളിവുഡ് മോഹവും സാമ്പത്തിക ഇടപാടുകളുമൊക്കെ വെളിപ്പെടുന്നത്.
സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ശേഷം മുസ്‌കാന്റെ ആൺസുഹൃത്ത് സാഹിൽ, തലയും കൈകളും തന്റെ മുറിയിലേക്ക് കൊണ്ടുപോയി മന്ത്രവാദം നടത്തിയതായി പോലീസ് പറഞ്ഞു. സാഹിലിന്റെ മുറിയിൽ നിന്ന് ചില വിചിത്രമായ ചിത്രങ്ങൾ, ഡ്രാഗണുകളുടെ രേഖാചിത്രങ്ങൾ, മറ്റ് വിചിത്ര ചിഹ്നങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്തു. മുറിയിൽ നിരവധി ബിയർ കുപ്പികളും ചിതറിക്കിടന്നിരുന്നതായി പോലീസ് പറയുന്നു. സൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹിൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ചില മന്ത്രവാദ ചടങ്ങുകൾ നടത്തിയ ശേഷം മുസ്‌കാന്റെ വീട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇരുവരും ശരീരഭാഗങ്ങൾ ഡ്രമ്മിലാക്കിയ ശേഷം സിമന്റിട്ട് അടയ്ക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു.