തിരുവനന്തപുരം : പ്രവാസികളും അന്യസംസ്ഥാനത്ത് നിന്നുള്ള മലയാളികളും തിരിച്ചെത്തിത്തുടങ്ങിയപ്പോഴാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പെരുകിയത്. അടുത്ത നാളുകളിലായി ഒന്നേകാല്‍ ലക്ഷം പ്രവാസികള്‍കൂടി കേരളത്തില്‍ വരാനിരിക്കുകയാണ്. നിലവില്‍ വലിയൊരു സംഖ്യ തന്നെയാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. ഇതോടുകൂടി രോഗവ്യാപനത്തിനെതിരെ സംസ്ഥാനം കൂടുതല്‍ ജാഗരൂഗരായിരിക്കുകയാണ്.
വന്ദേഭാരത് ദൗത്യത്തിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമാണ് ഇത്രയും പേര്‍ വരാനിരിക്കുന്നത്. ഇതുവരെ 407 വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗള്‍ഫിലെ മലയാളി സംഘടനകളും സ്ഥാപനങ്ങളുമാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശ്ശേരി, വിമാനത്താവളങ്ങളിലേക്കാണ് കൂടുതല്‍ ആള്‍ക്കാരും വരുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. വരുന്നവരില്‍ വീടുകളില്‍ സൗകര്യമില്ലാത്തവരെ ഹോം ക്വാറന്റൈനില്‍ ആക്കാനാണ് തീരുമാനം. അല്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ നിരീക്ഷണ കേന്ദ്രം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 218 വിമാനങ്ങളിലായി 53,545 പ്രവാസികളാണ് എത്തിയിട്ടുള്ളത്. യുഎഇ, സൗദി, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്നവരിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത്. ഇതില്‍ 665 പേരും ഐസൊലേഷനില്‍ കഴിയുകയാണ്. ഇതുവരെ എത്തിയവരില്‍ 3692 പേര്‍ ഗര്‍ഭിണികളാണ്. മുന്നേറോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടി കേന്ദ്രം ഉടന്‍ അനുമതി നല്‍കും. ഇതില്‍ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയ്ക്ക് ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിമാനം വരുന്നതിന് മൂന്ന് ദിവസം മുന്‍പ് മാത്രമാണ് യാത്രക്കാരുടെ പട്ടിക എംബസികള്‍ സര്‍ക്കാരിന് കൈമാറുകയുള്ളൂ.