ന്യൂഡല്‍ഹി: രാജ്യത്ത് 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ് ബാധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഓഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ ദേശീയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും അകലെയാണെന്നു കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി സിറോ സര്‍വേ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
നഗര ചേരികളിലും, നഗര ഇതര ചേരി പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളേക്കാള്‍ കൂടുതല്‍ സാര്‍സ് കോവ്2 അണുബാധയുണ്ടെന്ന് കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ഉത്സവ സീസണിനും ശൈത്യകാലത്തിനും ആവശ്യമായ നിയന്ത്രണങ്ങളും തയ്യാറെടുപ്പും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.
നഗര ചേരികളില്‍ 15.6 ശതമാനം വൈറസ് സാന്നിധ്യം കണ്ടപ്പോള്‍ ചേരിയല്ലാത്ത പ്രദേശങ്ങളില്‍ ഇത് 8.2 ശതമാനമായിരുന്നു. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്കു കോവിഡ് വന്നതിന്റെ തെളിവും സീറോ സര്‍വേയില്‍ കണ്ടെത്തി.