പറ്റ്‌ന : ബിഹാറിലെ ബക്‌സറില്‍ ഗാംഗാ നദിയുടെ വിവിധ തീരങ്ങളില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പേടിപ്പെടുത്തുന്ന ഈ വാര്‍ത്ത. 40ലേറെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞത്.
ബിഹാര്‍- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ ചൗസ നഗരത്തില്‍ ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനാല്‍ പ്രദേശവാസികള്‍ ആകെ ഭയചകിതരാണ്. ഇന്ന് രാവിലെയാണ് ഈ കാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സംശയിക്കുന്നു. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് യു പിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്ന് കരുതുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെതാകാം മൃതദേഹമെന്നും സംശയമുണ്ട്.