കോന്നി: കോന്നിയില്‍ ഡെങ്കിപനി പടരുമ്പോള്‍ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഓടകള്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളാകുന്നു. മഴ പെയ്തതോടെ ഓടകളില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. സംസ്ഥാന പാതയില്‍ കോന്നി മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗത്തെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓടയില്‍ വീഴുന്ന വെള്ളം ഒഴുകി പോകുന്നില്ല. ഓടയുടെ നിര്‍മ്മാണ സമയത്ത് ഓടക്കുള്ളില്‍ വീഴുന്ന മണ്ണും കല്ലും നീക്കം ചെയ്‌തെങ്കില്‍ മാത്രമേ ഓടയില്‍ കൂടി മലിന ജലം ഒഴുകി പോവുകയുള്ളു. എന്നാല്‍ പല സ്ഥലങ്ങളിലും മണ്ണും ചെളിയും ഓടക്കുള്ളില്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഓടയില്‍ മലിന ജലം നിറഞ്ഞ് കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതരും വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.
ഓടയില്‍ സ്‌ളാബ് സ്ഥാപിക്കുവാനുള്ള ഭാഗത്ത് കൂടി ഓടയ്ക്ക് ഉള്ളിലേക്ക് മാലിന്യം തള്ളുന്നതും കൊതുക് വളരുന്നതിന് കാരണമാകുന്നു. മുട്ടതോടും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മല്‍സ്യ മാംസാവശിഷ്ടങ്ങളും ഉള്‍പ്പെടെ ആണ് ഓടക്കുള്ളില്‍ ഉപേക്ഷിക്കുന്നത്. കോന്നി ചൈനാ മുക്ക്, കൂടല്‍, കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആണ് കൂടുതലായും മാലിന്യങ്ങള്‍ ഓടയില്‍ തള്ളുന്നത്. ഓടയില്‍ മാലിന്യങ്ങള്‍ കത്തിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. മലിന ജലം കെട്ടി കിടക്കുന്ന ഓടകളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഓടയില്‍ തള്ളുന്ന മാലിന്യങ്ങളില്‍ നിന്നും പുഴുവരിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുണ്ട്. ഓടയില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളും മലിന ജലവും നീക്കം ചെയ്യുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.