ഏത് മേഖയെടുത്താലും ജനപ്രീത്രി സിനിമാ താരങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടാറുണ്ട്. അതുകൊണ്ടുതന്നെ ജനപ്രീതിയില്‍ എത് സിനിമാ താരമാണ് മുന്നില്‍ എന്ന് മനസിലാക്കുന്നതും കൗതുകമുള്ളതാണ്. ജനപ്രീതിയില്‍ ഓരോ മാസവും മുന്നിലുള്ള താരങ്ങളുടെ പട്ടിക മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പങ്കുവെയ്ക്കാറുണ്ട്. സെപ്റ്റംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള തെന്നിന്ത്യൻ സിനിമ നായികമാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ഒന്നാം സ്ഥാനത്ത് നയൻതാരയാണ്. ജവാന്റെ വിജയത്തിളക്കം പുതിയ മാസത്തിലും താരത്തിന് അനുകൂലമായി എന്ന് വേണം കരുതാൻ. നയൻതാര നായികയായി ഇരൈവൻ എന്ന സിനിമയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ജയം രവി നായകനായി എത്തിയ ചിത്രമായ ഇരൈവനും നായിക എന്ന നിലയില്‍ നടി നയൻതാരയ്ക്ക് ഗുണകരമായി. കുതിപ്പ് നടത്തിയിരിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരം സാമന്തയാണ്. സാമന്ത സമീപകാലത്ത് കുറച്ച് പരാജയ സിനിമകളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ഖുഷിയിലൂടെ സാമന്ത വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടാം സ്ഥാനത്താണ് സാമന്ത. തൃഷയാണ് മൂന്നാം സ്ഥാനത്ത്. ദ റോഡാണ് തൃഷ നായികയായതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രമായ ലിയോയില്‍ നായികയാകുന്നു എന്നതാണ് തൃഷയെ മുൻ നിരയില്‍ എത്താൻ സഹായിച്ചത്. അടുത്തമാസവും തൃഷ മുന്നേറ്റം നടത്തിയേക്കും. ജയലറിലൂടെയും ചില വെബ് സീരീസുകളിലൂടെയും ശ്രദ്ധായകര്‍ഷിച്ച ഒരു നടിയായ തമന്നയാണ് നാലാം സ്ഥാനത്ത്. കീര്‍ത്തി സുരേഷാണ് അടുത്ത സ്ഥാനത്ത്. സായ് പല്ലവി. ജ്യോതിക, പ്രിയങ്ക മോഹൻ, ശ്രുതി ഹാസൻ, അനുഷ്‍ക ഷെട്ടി തുടങ്ങിയവര്‍ ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു.