തിരുവനന്തപുരം : തിരുവല്ലത്ത് ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മൂമ്മയും അമ്മയും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60), മകള്‍ നീതു മോഹന്‍ (27) എന്നിവരാണ് മരിച്ചത്. ഹെന്നയുടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മകള്‍ നീതു മക്കളുമൊത്ത് അമ്മയെ കാണാന്‍ എത്തിയതായിരുന്നു. നീതുവിന്റെ രണ്ട് മക്കള്‍ വീടിന് സമീപം കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് വയസുളള ഇളയകുട്ടി വീട്ടിലെ എര്‍ത്ത് വയറില്‍ പിടിച്ചു.
തുടര്‍ന്ന് ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ ഹെന്നയ്‌ക്കും നീതുവിനും ഷോക്കേല്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരും ഷോക്കേറ്റ് വീണുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചു. കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ലഭ്യമായ വിവരം.