ഭോപ്പാല്‍ : മധ്യപ്രദേശില്‍ 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തി. കുട്ടി കരയുന്നതില്‍ അസ്വസ്ഥയായ യുവതി കുഞ്ഞിനെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സിംഗ്രോളി ജില്ലയിലാണ് സംഭവം. ഗുഡി സിങ് ഗോണ്ട് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറയുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് വ്യക്തമാക്കി. കുട്ടിയെ തീകൊളുത്തി കൊന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ എപ്പോഴാണ് എന്ന് അറിയില്ല എന്നാണ് യുവതി മറുപടി നല്‍കിയതെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് കരയുന്നതില്‍ അസ്വസ്ഥയായ യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി പോലീസ് പറയുന്നു.
ആണ്‍കുട്ടി ജനിച്ചതിനെ തുടര്‍ന്ന് മൂന്ന് പെണ്‍മക്കള്‍ കൂടിയുള്ള ഗുഡിയുടെ പെരുമാറ്റത്തില്‍ മാറ്റം സംഭവിച്ചതായി പോലീസ് പറയുന്നു. മന്ത്രവാദിയാണ് ഇവരെ ചികിത്സിച്ചിരുന്നത്. മന്ത്രവാദത്തിന്റെ ഭാഗമായാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. മന്ത്രവാദിയെക്കുറിച്ചും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി.