തൃശ്ശൂർ : കണ്ണീരുതോരാതെയുള്ള അമ്മയുടെ അപേക്ഷകൾക്ക് ഫലമുണ്ടായി. മകളുടെ മരണത്തിനുത്തരവാദിയായ ആളെ പോലീസ് അറസ്റ്റുചെയ്തു. മരണം കഴിഞ്ഞ ഒരു വർഷത്തിനുശേഷമാണ് അറസ്റ്റ് ഉണ്ടായത്. തിരുവമ്പാടി ശ്രീനന്ദനത്തിൽ നവീൻ (40) ആണ് യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഭർത്താവിന്റെ സുഹൃത്തായ ഇയാൾ ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് യുവതി ആത്മഹത്യചെയ്തത്. 2020 സെപ്റ്റംബർ ഇരുപതിനായിരുന്നു സംഭവം.
ആത്മഹത്യക്കുറിപ്പിൽ നവീനിന്റെ പീഡനത്തെക്കുറിച്ച് യുവതി എഴുതിയിരുന്നു. ഇയാളാണ് മരണത്തിനുത്തരവാദി എന്നും ഇതിൽ ഉണ്ടായിരുന്നു. എന്നിട്ടും അറസ്റ്റ് നടന്നിരുന്നില്ല. തുടർന്ന് യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിപ്പിക്കുകയായിരുന്നു. തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജുവാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മരിച്ച യുവതിയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്ന നവീൻ വീട്ടിലെ നിത്യസന്ദർശകനുമായിരുന്നു. ഇതു മുതലെടുത്താണ് ഇയാൾ അതിക്രമം കാണിച്ചത്.