ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ച അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാമെന്നും അല്ലാത്ത സമയത്തെല്ലാം കുട്ടിയിൽനിന്ന് ആറടിയെങ്കിലും അകലം പാലിക്കണമെന്നും വിദഗ്ധ ഉപദേശം. ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ്കെ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ മഞ്ജു പുരിയുടേതാണ് ഈ നിർദേശം.
കോവിഡ് ബാധിതയായ അമ്മയിൽനിന്ന് ഗർഭസ്ഥശിശുവിന് രോഗം പിടിപെടുമെന്നതിന് തെളിവില്ലെന്നും അവർ പറഞ്ഞു. എങ്കിലും ഗർഭിണികൾ കോവിഡ് ബാധിക്കാതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിക്കണം. കോവിഡ് വാക്സിൻ എടുക്കുന്നതുകൊണ്ട് പ്രത്യുത്പാദന അവയവങ്ങൾക്ക് തകരാറോ വന്ധ്യതയോ വരില്ലെന്നും അവർ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചവർ മുലയൂട്ടുംമുമ്പ് കൈകൾ കഴുകുകയും മാസ്കോ ഫെയ്സ് ഷീൽഡോ വെക്കുകയും വേണം. അമ്മ കഴിയുന്ന പരിസരമെല്ലാം ഇടയ്ക്കിടെ അണുമുക്തമാക്കണം. കോവിഡ് പോസിറ്റീവായ അമ്മയല്ലാതെ മറ്റാരും കുട്ടിയെ നോക്കാനില്ലെങ്കിൽ അവർ എല്ലായ്പ്പോഴും മാസ്ക് വെക്കണം. വായുസഞ്ചാരമുള്ള മുറിയിൽവേണം അമ്മയും കുഞ്ഞും കഴിയാൻ -ഡോക്ടർ മഞ്ജു പറഞ്ഞു.
ഭ്രൂണത്തെ രോഗാണുബാധയിൽനിന്നു സംരക്ഷിക്കുന്ന കവചമായിട്ടാണ് പൊക്കിൾക്കൊടിയെ കരുതുന്നത്. എങ്കിലും അപൂർവമായി നവജാതശിശുക്കളിൽ കോവിഡ് റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഗർഭപാത്രത്തിനുള്ളിൽവെച്ചാണോ ജനിച്ചയുടനെയാണോ ഈ കുഞ്ഞുങ്ങൾ രോഗബാധിതരായതെന്ന് വ്യക്തമായിട്ടില്ലെന്നും അവർ പറഞ്ഞു.