പത്തനംതിട്ട : മുത്തൂറ്റ് ഫിനാന്‍സിലെ നിക്ഷേപകര്‍ പത്തനംതിട്ടയില്‍ സമരം നടത്തി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ടാണ് അമ്പതോളം വരുന്ന നിക്ഷേപകരാണ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ സമരം നടത്തിയത്. തട്ടിപ്പിനിരയായ നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച മുത്തൂറ്റ് ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (MGIA)യുടെ നേത്രുത്വത്തിലായിരുന്നു പ്രതിഷേധ സമരം. മധ്യവയസ്കരും വയോധികരുമായിരുന്നു സമരത്തില്‍ കൂടുതലും പങ്കെടുത്തത്. മുത്തൂറ്റ് ജോര്‍ജ്ജ് എം.ജേക്കബിനെതിരെയാണ് നിക്ഷേപകര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തങ്ങളുടെ ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമായിരുന്നു മുത്തൂറ്റ് ഫിനാന്‍സില്‍ നിക്ഷേപിച്ചതെന്ന് ഇവര്‍ പറഞ്ഞു. 2009 മുതല്‍ മുത്തൂറ്റ് ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരാണ് ഇവര്‍. 2017 വരെ എല്ലാ ഇടപാടുകളും വളരെ കൃത്യമായിരുന്നു. അതിനുശേഷം തങ്ങളുടെ നിക്ഷേപം NCD യിലേക്ക് മാറ്റി. കാലാവധി പൂര്‍ത്തിയായ നിക്ഷേപം ഇപ്പോള്‍ മടക്കി നല്‍കുന്നില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. കല്‍ക്കട്ടയിലെ ഏതോ കമ്പിനിയിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ആ കമ്പിനി പൂട്ടിയെന്നും പറയുമ്പോള്‍ തങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സിലാണ് പണം നിക്ഷേപിച്ചതെന്നും കല്‍ക്കട്ടയിലെ കമ്പിനി അറിയില്ലെന്നും അവിടെ തങ്ങള്‍ പണം നിക്ഷേപിച്ചിട്ടില്ലെന്നും തട്ടിപ്പിന് ഇരയായവര്‍ ആണയിട്ടു പറയുന്നു.
നിക്ഷേപം മടക്കിച്ചോദിച്ചപ്പോള്‍ തങ്ങളുടെ ക്ഷേമനിധിയില്‍ നിന്നും സഹായം നല്‍കാമെന്നും അതിന് വെള്ളക്കടലാസില്‍ അപേക്ഷ നല്‍കണമെന്നും കൂടാതെ വീടിന്റെ മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോയും നല്‍കണമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ആവശ്യപ്പെട്ടുവെന്ന് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ഒരു നിക്ഷേപകന്‍ പ്രതികരിച്ചു. ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമായിരുന്നു ഇത്. മുത്തൂറ്റ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റാര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും ഇദ്ദേഹം കരഞ്ഞുകൊണ്ട് പത്തനംതിട്ട മീഡിയായോട് പറഞ്ഞു.