പത്തനംതിട്ട : സാറന്മാര്‍ക്ക് വേണ്ടത് കൂളിംഗ് ഫിലിമും സീറ്റ് ബെല്‍ട്ടും മാത്രം. വാഹനത്തിന്റെ ഒരു രേഖകളും കാണേണ്ട. തീവ്രതയേറിയ ലൈറ്റുകള്‍ മിക്ക വാഹനങ്ങളും ഉപയോഗിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ അപകടവും ഉണ്ടാകുന്നു. എന്നിട്ടും നിരോധിക്കപ്പെട്ടിട്ടുള്ള ഈ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഒരുനടപടിയും സാറന്മാര്‍ക്ക് എടുക്കേണ്ട. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കാനുള്ള മാന്യതപോലും ഇക്കൂട്ടര്‍ കാണിക്കാറില്ല. സാധാരണ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ നിന്നും വിഭിന്നമായി കണ്ണു മഞ്ഞളിപ്പിക്കുന്ന വെളുത്ത വെട്ടമാണ് ഈ ലൈറ്റുകള്‍ പുറപ്പെടുവിക്കുന്നത്. തീവ്രത കൂടിയ എല്‍.ഇ.ഡി ലൈറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വാഹനത്തിന്റെ പുറംചട്ടയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ടയറുകളും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. വാഹനം പോകുമ്പോള്‍ സമീപത്ത് നില്‍ക്കുന്നരുടെ കാലില്‍ ടയര്‍ കയറാനും അപകടം ഉണ്ടാകാനും സാധ്യത ഏറെയാണ്. ഇത്തരം ഗുരുതരമായ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് പല സാറന്മാരുടെയും വാഹന പരിശോധന. പരിശോധനകള്‍ കൂടുതല്‍ വേണ്ടത് രാത്രിയിലാണ്. എന്നാല്‍ അതിനു തുനിയാതെ പകല്‍, തിരക്കുള്ള റോഡില്‍ പരിശോധന നടത്തി തങ്ങളുടെ ടാര്‍ജറ്റ് തികക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നീക്കം.
ടിപ്പര്‍ ലോറികള്‍ മാത്രം പരിശോധിക്കുവാന്‍ പത്തനംതിട്ടയില്‍ പ്രത്യേക ടീം തന്നെയുണ്ട്. സ്ഥിരമായി കൃത്യസമയത്ത് ഒരേസ്ഥലത്താണ് പരിശോധന. കുമ്പഴ കളീക്കല്‍ പടി കഴിഞ്ഞ് പള്ളിയുടെ കുരിശിനു മുമ്പില്‍ ടിപ്പറുകള്‍ താനെ ബ്രേക്ക് ചെയ്യും. കാരണം കഴിഞ്ഞ കുറേമാസങ്ങളായി സ്ഥിരമായി നിര്‍ത്തുന്ന സ്ഥലവും സമയവും യന്ത്രത്തിനു പോലും അറിയാം. ഓവര്‍ ലോഡിന് പിഴ ഈടാക്കാനാണ് പരിശോധന. എന്നാല്‍ പലപ്പോഴും ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തതിന് പിഴ എഴുതേണ്ടിവരുന്നു. ഇത് വ്യക്തമായി അറിയാവുന്ന ഡ്രൈവര്‍മാര്‍ ഒരു ദിവസംപോലും യൂണിഫോം ധരിക്കാറില്ല. വണ്ടിയില്‍ നിന്ന് ഇറങ്ങി ചെല്ലുന്നത് തന്നെ പിഴതുകയുമായാണ്. തിരക്കേറിയ സമയത്താണ് ഇടുങ്ങിയ റോഡിലെ ഈ പരിശോധന. രാവിലെ എഴരമുതല്‍ ആരംഭിക്കുന്ന പരിശോധന ഒന്‍പത് മണിയോടെ അവസാനിപ്പിക്കും. പരിശോധനക്കായി നിരവധി ടിപ്പറുകളാണ് ഇവിടെ ഊഴവും കാത്തുകിടക്കുന്നത്. വീതികുറഞ്ഞതും വളവ് ഉള്ളതുമായ ഭാഗമാണ് ഇവിടെ. വാഹന പരിശോധന നടക്കുന്ന ഈ സമയം മറ്റുവാഹനങ്ങള്‍ ഇവിടെ ബ്ലോക്കായി കിടക്കുകയാണ്. ഇവിടുത്തെ ടിപ്പര്‍ ലോറി പരിശോധന ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഏതു നിമിഷവും ഇവിടെ അപകടവും സംഭവിക്കാം.