തിരുവനന്തപുരം : ലോക്ഡൗണ്‍ കാലഘട്ടത്തില്‍ തടസ്സപ്പെട്ട സേവനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയവ കാലാവധിക്ക് മുമ്പ് പുതുക്കാത്തവര്‍ക്കാണ് പിഴ നല്‍കേണ്ടി വന്നത്. ലോക്ഡൗണ്‍ കാരണം ഓഫീസുകള്‍ അടച്ചിട്ടപ്പോള്‍ തടസ്സപ്പെട്ട സേവനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായിട്ടാണ് നടപടി.
ഈ കാലയളവില്‍ തടസ്സപ്പെട്ട സേവനങ്ങള്‍ക്ക് പിഴ ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മോട്ടോര്‍ വാഹന ഓഫീസുകള്‍ തുറന്നതറിഞ്ഞ് വാഹന്‍ സോഫ്റ്റ്‌വെയറില്‍ ഫീസ് അടച്ചവര്‍ക്കാണ് പിഴയും നല്‍കേണ്ടി വന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് ആനുപാതികമായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തിയിരുന്നില്ല. ഡല്‍ഹി എന്‍ഐസി അധികൃതര്‍ക്കാണ് വെബ്‌സൈറ്റിന്റെ ചുമതല.
തീവ്ര കൊവിഡ് ബാധിത മേഖലയായതിനാല്‍ പരിമിതമായ ജീവനക്കാര്‍ മാത്രമാണ് ഡല്‍ഹിയിലെ ഓഫീസിലെത്തുന്നത്. അതിനാല്‍ സമയ ബന്ധിതമായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം പിഴ അടച്ചവര്‍ക്ക് തുക മടക്കി കിട്ടാന്‍ കടമ്പകളേറെയാണ്. പിഴ തുക മടക്കി നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ട്രഷറിക്ക് നിര്‍ദേശം നല്‍കണം. അധിക തുക അടച്ചവര്‍ പ്രത്യേകം അപേക്ഷ ട്രഷറി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മിക്കവര്‍ക്കും അധികമായി നല്‍കിയ തുക നഷ്ടമാകാനാണ് സാധ്യത.