കോട്ടയം : മോട്ടോര്‍ വാഹന വകുപ്പിന്റെ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ബൈക്കില്‍ മത്സ്യവ്യാപാരം നടത്തുകയായിരുന്ന കാളകട്ടി സ്വദേശി രാജീവിനാണ് പരിക്കേറ്റത്. കോട്ടയം കണമല അട്ടിവളവിലാണ് അപകടം. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് എതിര്‍ വശത്തുകൂടെ വരികയായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വശത്തേക്ക് ഒതുക്കിയ ബൈക്കിലാണ് ജീപ്പ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന രാജീവ് തെറിച്ചു വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
രാജീവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തുമെന്നും എരുമേലി പോലീസ് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് ജീപ്പ് ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്.