കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരാന്‍ സാധ്യത. മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് തുടങ്ങി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂര്‍ ഡിവിഷനായിക്കും. ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂര്‍ ഡിവിഷന് തീരുമാനമെടുക്കാം. മംഗളൂരുവില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നതിനാല്‍ പാലക്കാട് ഡിവിഷന് ഇനി മുതല്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ക്വാട്ട അനുവദിക്കാനാകില്ല. ട്രെയിന്‍ മെയിന്റനന്‍സ് നടത്തുന്നതിനുള്ള സൗകര്യവും പാലക്കാട് ഡിവിഷന് നഷ്ടമാകും. മാത്രമല്ല, പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതും കുറയും. പനമ്പൂര്‍ ഗുഡ്‌സ് യാഡ് നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിക്കും. ഇന്നലെയാണ് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്.
നിലവില്‍ റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. റെയില്‍വേ മലയാളികളെ വെല്ലുവിളിക്കുന്നുവെന്ന് എം.കെ രാഘവന്‍ എംപി കുറ്റപ്പെടുത്തി പറഞ്ഞു. ഈ നടപടി വടക്കന്‍ കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങളെ തകര്‍ക്കുന്നതാണ്. റെയില്‍വേയുടെ നീക്കത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം.കെ രാഘവന്‍ രാഘവന്‍ മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഡിവിഷനെ തകര്‍ക്കാനുള്ള തീരുമാനത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വം മറുപടി പറയണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു.





























