സാൻ ഫ്രാൻസിസ്കോ : ഓപ്പൺഎഐയിലെ ‘ചാരവൃത്തി’ കൈയോടെ പിടികൂടി കമ്പനിയുടെ എഐ (നിർമിതബുദ്ധി) ഏജന്റുകൾ. പിന്നാലെ കമ്പനിക്കുള്ളിൽ റെക്കോർഡിങ് ഡിവൈസ് രഹസ്യമായി സ്ഥാപിച്ച എൻജിനീയർ സൗദി പൗരനായ അബ്ദുറഹ്മാൻ അൽഫോസാനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഓഫീസിൽ റെക്കോർഡിങ് ഡിവൈസ് കണ്ടെത്തിയതിനെ തുടർന്ന് അത് സ്ഥാപിച്ചയാളെ കണ്ടെത്താനും വിവരങ്ങൾ മനസ്സിലാക്കാനും തങ്ങളുടെ എഐ മോഡലുകളാണ് ഉപയോഗിച്ചതെന്ന് ഓപ്പൺഎഐ പറയുന്നു.
സാൻ ഫ്രാൻസിസ്കോയിലെ ഓപ്പൺഎഐയുടെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമുകളിലൊന്നിലാണ് റെക്കോർഡിങ് ഡിവൈസ് സ്ഥാപിച്ചിരുന്നത്. കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്താൻ അറസ്റ്റിലായ ജീവനക്കാരൻ പദ്ധതിയിട്ടിരുന്നതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു. ഒക്ടോബർ 9-നാണ് അൽഫോസാനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാക്കി. 35-കാരനായ അൽഫോസാൻ യുഎസിലെ സ്ഥിര താമസക്കാരനാണ്.
2025 ജൂലായിലാണ് ഓപ്പൺഎഐയിൽ ചേർന്നത്. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് അഞ്ച് വർഷം വരെ തടവും 250,000 ഡോളർ (ഏകദേശം 2.37 കോടി രൂപ) പിഴയും മൂന്ന് വർഷത്തെ നിരീക്ഷണ കാലയളവും ശിക്ഷയായി ലഭിച്ചേക്കാം.





























