മലപ്പുറം: സിനിമ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെന്നയാള്‍ക്ക് നേരിട്ട് ടിക്കറ്റ് നല്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബ്ബന്ധിച്ച് തിരിച്ചയച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ 2022 നവംബര്‍ 12 ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ‘ലാഡര്‍’ തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ടിക്കറ്റ് വാങ്ങാന്‍ ഉപദേശിച്ച് തിരിച്ചയക്കുകയായിരുന്നു.
ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി ബോധിപ്പിച്ചത്. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ടിക്കറ്റ് നല്കാതെ ഓണ്‍ലൈനില്‍ അധിക സംഖ്യ നല്‍കി ടിക്കറ്റെടുക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിത വ്യാപാരവും ഉപഭോക്തൃ അവകാശ ലംഘനവുമാണെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.