അടൂര്‍: ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കായംകുളം-പത്തനാപുരം സംസ്ഥാന പാതയില്‍ പുതുവല്‍ കവലയിലാണ് ഇരുപത് ദിവസം മുമ്പ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എല്‍.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ അധികൃതര്‍ യഥാസമയം വൈദ്യുതി എത്തിച്ച് ഹൈമാസ്റ്റ് തെളിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എം.പിയുടെ അസാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറും കോണ്‍ഗ്രസ് പാര്‍ലമെൻററി പാര്‍ട്ടി നേതാവുമായ അരുണ്‍ രാജ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി.
ഏനാദിമംഗലം അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് സജി മാരൂര്‍, തൃദീപ്, റെജി പൂവത്തൂര്‍, ഹരികുമാര്‍ പൂതങ്കര, സാന്‍ മല്ലേല്‍, മനീഷ്, ജോര്‍ഡി, സജി, റെജി, ജോയ്സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.