മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ വിറ്റുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എംപിഎസ് സി അണ്ടർ സെക്രട്ടറി അഭിജിത് ഗൺപത്‌റാവു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ വിശ്വേശ്വർ ദത്താത്രേയ, ഗോപാൽ ഭട്ടു, കോച്ചിംഗ് സെന്റർ ഉടമ പ്രവീൺ ദിലീപ് പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 22ന് നടന്ന ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ ചോദ്യപേപ്പറായിരുന്നു ചോർന്നത്. പരീക്ഷാ നടപടികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ചോദ്യപേപ്പർ ചോർന്നതായി ആരോപിക്കപ്പെടുന്ന സംഭവം പുറത്തറിഞ്ഞത്.
ഇതിനെത്തുടർന്ന്, പ്രോപ്പർട്ടി സെല്ലിലെ പോലീസ് ഇൻസ്‌പെക്ടർ മങ്കേഷ് ഗൺപത്‌റാവു ദേശായിയുടെ പരാതിയിൽ ഓഗസ്റ്റ് 25-ന് കൊളാബ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷാ സംവിധാനത്തിൽ നിന്ന് രഹസ്യ സ്വഭാവമുള്ള ചോദ്യങ്ങൾ പുറത്തേക്ക് എത്തിയത് ഏത് വഴിയാണെന്ന കൃത്യമായ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കോച്ചിംഗ് സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ചും, ചോർന്ന ചോദ്യങ്ങൾ സാമ്പത്തികമോ അല്ലാത്തതോ ആയ നേട്ടങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്കോ മറ്റുള്ളവർക്കോ കൈമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ മാറ്റിവെച്ചിരുന്നു. ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയാണ് ഇത് ബാധിച്ചത്. യുവാക്കളുടെ രോഷവും പ്രതിഷേധവും കടുത്തതോടെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.































