കോന്നി : റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കേഴമാനിനെയും കാട്ടുപോത്തിനേയും വ്യത്യസ്ത ദിവസങ്ങളിൽ വേട്ടയാടി കൊന്ന സംഭവത്തിലെ പ്രതികളെ വനപാലകർ പിടികൂടി. തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ ബിനു (പ്രവീൺ 27), ബിനുവിന്റെ സഹോദരൻ തോപ്പിൽ വീട്ടിൽ പ്രമോദ് (50), തൂമ്പാക്കുളം വിളയിൽ വീട്ടിൽ ബിജു (37), പറക്കുളം പുത്തൻപുരയ്ക്കൽ വീട്ടിൽ വർഗീസ് (50) എന്നിവരെയാണ് വനപാലകർ പിടികൂടിയത്.
ഏപ്രിൽ മുപ്പതിന് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെയും കേഴമാനിനെയും വേട്ടയാടിയ കേസില്‍ തൂമ്പാക്കുളം മനീഷ് ഭവനം മോഹനൻ പിടിയിലായിരുന്നു. ഈ സംഭവത്തില്‍ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി വനപാലകർ പറഞ്ഞു. പുത്തൻ പുരയ്ക്കൽ വർഗീസിന്റെ വീടിന്റെ തട്ടിൻപുറത്ത് നിന്നും രണ്ട് നാടൻ തോക്കുകൾ, തോക്ക് നിറയ്ക്കുന്നതിന് ആവശ്യമായ സാമഗ്രികൾ, തൂമ്പ, ഹെഡ് ലൈറ്റ്, കത്തി തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിയേഴിന് തോപ്പിൽ വീട്ടിൽ ബിനു താമസിച്ചിരുന്ന കരിമാൻതോട്ടിലെ വാടക വീടിന് സമീപത്തെ തോടിന്റെ കരയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ഒരു തോക്ക് കണ്ടെടുത്തിരുന്നു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് നാടൻ തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി വേണു കുമാർ, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.