കൊച്ചി: കേരള തീരത്തെ എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടിയുള്ള സംസ്ഥാന സർക്കാരിൻറെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 9,531 കോടി രൂപയുടെ അഡ്മിറാലിറ്റി സ്യൂട്ട് ആണ് സംസ്ഥാനം ഫയൽ ചെയ്തിരിക്കുന്നത്. വിഷയത്തിൽ സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകാൻ ആകുമോ എന്ന കാര്യത്തിൽ കപ്പൽ കമ്പനി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഉൾപ്പെടെയുണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിൻറെ അഡ്മിറാലിറ്റി സ്യൂട്ട്.
ഇക്കാര്യത്തിൽ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി തുക കെട്ടിവെക്കുന്നത് വരെ കമ്പനിയുടെ തന്നെ മറ്റൊരു കപ്പലായ എംവി അക്കറ്റെറ്റ 2 തടഞ്ഞുവെക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അപകടത്തിൽപ്പെട്ട കപ്പലിലിലെ കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ മൈക്രോ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, കേരളത്തിന്‍റെ സമുദ്ര ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും ദോഷകരമായി ബാധിച്ചു എന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.