തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം മുടങ്ങിയ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) മൂന്നു മാസത്തെ വാടക അടയ്‌ക്കേണ്ടെന്ന് വ്യവസായ, കായിക മന്ത്രി ഇ.പി ജയരാജന്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകയാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെ കെട്ടിടങ്ങളിലും ഭൂമിയിലും പ്രവര്‍ത്തിക്കുന്ന എം എസ് എം ഇകള്‍ക്കാണ് ഇളവ്.
കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളില്‍ 70 ശതമാനത്തോളം എം എസ് എം ഇ വിഭാഗത്തില്‍ പെടുന്നതാണ്. ലോക്ക് ഡൗണ്‍ വന്നതോടെ ഇവിടങ്ങളില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചു. ഓര്‍ഡറുകള്‍ വലിയതോതില്‍ റദ്ദായി. ഇതോടെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് മൂന്നു മാസ വാടക ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പതിനായിരക്കണക്കിന് എം എസ് എം ഇ കള്‍ക്ക് ഇത് ആശ്വാസമാകും.