ന്യൂഡല്‍ഹി : സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്.
മൂന്ന് നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭാനു പ്രതാപ് സിങ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മതിയായ ചര്‍ച്ചകളില്ലാതെയാണ് നിയമങ്ങള്‍ പാസാക്കിയതെന്നും ഇവര്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം റെയില്‍ തടയലുള്‍പ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ഡല്‍ഹിയിലെ അതിര്‍ത്തികളിലേക്ക് കൂടുതല്‍ സമരക്കാര്‍ ഒഴുകിയെത്തുകയാണ്.
സിംഘുവില്‍ വ്യാഴാഴ്ച ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗമാണ് റെയില്‍തടയല്‍ സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരും അവരെ പിന്തുണക്കുന്ന ജനങ്ങളും റെയില്‍വേ ട്രാക്കുകളിലേക്ക് നീങ്ങും. ഡിസംബര്‍ 14ന് ബിജെപി നേതാക്കളുടെ വീടുകളും മന്ത്രിമാരുടെ വസതികളും ഘെരാവോ ചെയ്യും. ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണയും നടത്തും.