തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആശങ്ക പരത്തവെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
രണ്ടര ലക്ഷം പരിശോധനകളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും മൂന്ന് ലക്ഷത്തിലധികം കൂട്ട പരിശോധനകള്‍ നടത്താനായെന്നാണ് അറിയുന്നത്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടന്നത്. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളില്‍ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതില്‍ 13835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി ഉയര്‍ന്നു.
ഇന്നും നാളെയുമായി കൂടുതല്‍ പരിശോധന ഫലം പുറത്തുവരുമ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്തെത്തുന്നതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.