തൃശൂർ : ഇന്ധനവില വർധനവിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന ഘടകവും. ഇന്ധനവില വർധനവിൽ വലിയ നികുതി വരുമാനം നേടുന്നത് സംസ്ഥാന സർക്കാർ ആണെന്നും കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വരുമാന വിഹിതം ജനങ്ങൾക്ക് തന്നെയാണ് നൽകുന്നതെന്നും എം.ടി രമേശ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. പെട്രോളിയം കമ്പനികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മറ്റ് ബാധ്യതകളൊന്നുമില്ല.
വർധിക്കുന്നതിലെ വിഹിതം കൈപ്പറ്റുക മാത്രമാണ് കേരളം ചെയ്യുന്നതെന്നും വില കുറയാൻ സംസ്ഥാനം നികുതി കുറക്കുകയാണ് വേണ്ടതെന്നും രമേശ് ആവശ്യപ്പെട്ടു. പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി രമേശ് പറഞ്ഞു. സ്ഥായിയായുള്ള വികസന മാതൃക കൊണ്ടുവരാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും സാധിച്ചില്ല. അതു കൊണ്ടു തന്നെ പുതിയ കേരളം ആശയമാണ് ബി.ജെ.പി ഉയർത്തുന്നത്. പുതിയ കേരളത്തിന് വേണ്ടി വോട് ചെയ്യുക എന്നതാണ് മുദ്രാവാക്യം. ഇതിനായി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും.