മുംബൈ : മുംബൈ – പൂനെ എക്സ് പ്രസ് ഹൈവേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ട്രക്ക് കാറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു . ഭാര്യയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്ത് പൂനെയില്‍ നിന്ന് മടങ്ങുകയായിരുന്ന ജാക്വീന്‍ ചൗട്ടിയാര്‍ , ഭാര്യ ലൂയിസ, 4 വയസ്സുള്ള മകന്‍ ഡാരിലിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട കാര്‍ ഞെരിഞ്ഞമര്‍ന്ന് പൂര്‍ണ്ണമായി തകര്‍ന്നു.
ഹ്യുണ്ടായ് ഐ 10 കാറില്‍ സഞ്ചരിച്ച നാല് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് . അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാറിന്റെ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിലെ കാമറയില്‍ പതിഞ്ഞു. അമിതവേഗതയിലെത്തിയ ട്രക്ക് ആദ്യം കാറില്‍ ഇടിക്കുകയും തുടര്‍ന്ന് കാര്‍ മറ്റൊരു ട്രക്കിലിടിക്കുകയുമായിരുന്നു. പിന്നീട് അല്‍പംകൂടി മുന്നോട്ട് നീങ്ങിയ ട്രക്ക് റോഡിന് കുറുകെ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ചു. കാറിലെ യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.