ബംഗ്ലൂർ: നഗരഹൃദയത്തില്‍ കാസര്‍കോട് രാജപുരം സ്വദേശി സനു തോംസണി (28) നെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബംഗ്ലൂർ ജില്ലയിലെ പുട്ട രാജു (28), ഗോപി (27) ശ്രീനിവാസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് യുവാവിനെ താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങും വഴി മൂന്നംഗ സംഘം സനുവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
സനു തോംസണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനരികില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളാണ് പ്രതികളിലെത്താന്‍ സഹായിച്ചത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലയാളികളെ എളുപ്പം കണ്ടെത്തിയതെന്നും നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായ മൂന്ന് പ്രതികളുമെന്നും പോലീസ് പറഞ്ഞു. സനുവിനെ അക്രമിച്ച് മോഷണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഇവര്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്നും സംശയിക്കുന്നു. സനുവിനെ ആളുമാറി കൊലപ്പെടുത്തിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പോലീസിന്റെ എഫ്‌ഐആറിലും ഇത് പരാമര്‍ശിക്കുന്നുണ്ട്. പഠനവും അതിന് ശേഷം ജോലിയുമായി പത്തുവര്‍ഷമായി സനു ബംഗ്ലൂറില്‍ ജീവിച്ചിട്ടും വ്യക്തിപരമായി ആരുമായും പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരും വ്യക്തമാക്കുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകു.