പത്തനംതിട്ട : ഇലന്തൂര്‍ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ആഭിചാര ക്രിയകളിലേക്ക് എത്തിയത് ജയില്‍ വാസത്തിന് ശേഷമെന്ന് പോലീസ്. പുത്തന്‍കുരിശില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ 2020ലാണ് ഷാഫിയുടെ ജയില്‍വാസം. ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്‍റെ തീരുമാനം. ദുര്‍മന്ത്രവാദ കേസുകളില്‍ പിടിയിലായവര്‍ ഒപ്പമുണ്ടായിരുന്നോയെന്നും ദുര്‍മന്ത്രവാദികളുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും.
നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളുകയാണ് പോലീസ്. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റം നടത്താനാകില്ലെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിച്ചോ എന്ന് പരിശോധിക്കുകയാണ്. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. പത്മയുടെ നഷ്ടപ്പെട്ട ഫോണും സ്വര്‍ണവും സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.