കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്. പാര്‍ട്ടി വീണ്ടും ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുക എന്നുപറഞ്ഞാല്‍ താന്‍ നല്‍കിയ സേവനത്തില്‍ പാർട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും മുകേഷ് വ്യക്തമാക്കി.
കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കിഫ്ബിയുടെ സഹായത്തോടെ 1330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. 45 കോടിരൂപ പെരുമണ്‍ പാലത്തിന് വേണ്ടി മാറ്റിവെച്ചെന്നും മുകേഷ് വ്യക്തമാക്കി. താന്‍ വീഴ്ച വരുത്തിയ ഏത് മേഖലയെന്ന് ചൂണ്ടിക്കാണിക്കാനാവുമോയെന്ന് മുകേഷ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണം എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട അന്നുമുതല്‍ ഉള്ളതാണ്. അതിപ്പോഴും തുടരുന്നു. ഇതല്ലാതെ തന്നെക്കുറിച്ച് മറ്റെന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാനുള്ള സന്നദ്ധത മുകേഷ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. കൊല്ലത്തെ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു. മണ്ഡലത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എം.എല്‍.എയെ കാണില്ലെന്ന് പോലീസില്‍ പരാതിപ്പെടുന്ന സംഭവം പോലും കൊല്ലത്തുണ്ടായി. കൊല്ലത്തെ വോട്ടര്‍മാര്‍ക്ക് എം.എല്‍.എയെ സിനിമയിലും ചാനലുകളിലും കാണാന്‍ മാത്രമെ യോഗമുള്ളുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.