മുക്കം: മണശ്ശേരി ഇരട്ടക്കൊല കേസ് പ്രതി ബിർജുവിനെ കൊലപാതകം നടത്തിയ മണാശ്ശേരിയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുമായി കൊലപാതകം നടന്ന വീട്ടിലും ശരീരഭാഗങ്ങൾ ഉപേക്ഷിച്ച ഇടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുവന്നത്. പോലീസ് സീൽ ചെയ്ത വീട്ടിനുള്ളിൽ പ്രതിയുമായി എത്തിയ അന്വേഷണ സംഘം വീട്ടിനുള്ളിൽ എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നും ഇസ്മയിലിന്റെ ശരീരം മുറിച്ചത് എവിടെ വെച്ചാണെന്നും ബിർജു അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. അടുത്ത ദിവസങ്ങളിൽ പ്രതി ശരീരഭാഗങ്ങൾ ഉപേക്ഷിച്ച മൂന്നിടങ്ങളിൽ കൂടി എത്തിച്ച് തെളിവെടുക്കും. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ച് കൂടിയത്.
അതേസമയം കേസിൽ ബിർജുവിന്റെ ഭാര്യയെയും ക്രൈംബ്രാഞ്ച് അടുത്ത ദിവസം ചോദ്യം ചെയ്യും. രാവിലെ 11.30 ഓടെയാണ് ഇരട്ട കൊലക്കേസ് പ്രതി ബിർജുവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മണാശ്ശേരിയിലെ വീട്ടിലെത്തിയത്. 2016-ലാണ് സ്വത്ത് തർക്കത്തെ തുടർന്ന് ബിർജുവും ഇസ്മായിലും ചേർന്ന് ബിർജുവിന്റെ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് 2017ലാണ് ബിർജു ഇസ്മായിലിനെ കൊലപ്പെടുത്തുകയും വിവിധ ഇടങ്ങളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുകയും ചെയ്തത്.