ചെങ്ങന്നൂർ: മുളക്കുഴ സെഞ്ചുറി ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പള കുടിശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെഞ്ചുറി ഹോസ്പിറ്റൽ സമരസമിതിയുടെ നേത്രുത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. സമര സമിതി പ്രസിഡന്റും ചെങ്ങന്നൂർ നഗരസഭാ ചെയർമാനുമായ കെ. ഷിബു രാജൻ സമരം ഉദ്ഘാടനം ചെയ്തു.
ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുവാന്‍ മാനേജ്മെന്റ് ആശുപത്രിയുടെ പ്രവർത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബർ മുതൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 300ൽ പരം ജീവനക്കാരാണ് ആശുപത്രിയില്‍ ഉള്ളത്. ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുകയും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുകയും വേണം. ഇതിനുള്ള സാഹചര്യം ഒരുക്കേണ്ടത് മാനെജ്മെന്റ് ആണ്. എന്നാല്‍ ഇതിനു തുനിയാതെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ ഒഴിവാക്കുവാനാണ് നീക്കമെങ്കില്‍ ആശുപത്രി കവാടത്തില്‍ കുടില്‍കെട്ടി അനിശ്ചിതകാല സമരം ആരംഭിക്കേണ്ടിവരുമെന്നും സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
സമര സമിതി രക്ഷാധികാരി അഡ്വ: ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, സമരസമിതി രക്ഷാധികാരി പി. എം തോമസ്, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, പ്രവീൺ എൻ. പ്രഭ, ജോർജ്കുട്ടി, കെ. ജെ തോമസ്, ജോബിൻ, മുളക്കുഴ പഞ്ചായത്തംഗങ്ങളായ ബിന്ദു, ലീലാമ്മ ജോസ്, മുൻ അംഗം പി.സി രാജൻ എന്നിവർ പ്രസംഗിച്ചു.