കോഴിക്കോട് : യുഡിഎഫിന്‍റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ മുസ്ലിം ലീഗ് നെയ്യുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
തങ്ങളുമായി ആദ്യമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ് എന്ന വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റിന്‍റെ വൈകിയുള്ള വെളിപ്പെടുത്തൽ ലീഗ് നേതൃത്വത്തിന്‍റെ സമ്മർദം മൂലമാകാനേ തരമുള്ളൂ. കോൺഗ്രസിൽ വിഭാഗീയത മൂർഛിപ്പിച്ച് അതുവഴി ആ പാർട്ടിയെ ദുർബലമാക്കാനും യുഡിഎഫിൽ മേധാവിത്തം ഉറപ്പിക്കാനുമുള്ള ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ആസൂത്രിത നീക്കത്തിന് കൂട്ടുനിന്നത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമല്ല.
മുല്ലപ്പള്ളിയുമായാണ് തുടക്കത്തിൽ തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിരുന്നതെങ്കിൽ ഈ വിഷയം കോൺഗ്രസിനകത്തും യുഡിഎഫിലും തർക്കം മൂർഛിച്ചപ്പോഴെങ്കിലും നിജസ്ഥിതി വെളിപ്പെടുത്താൻ സത്യസന്ധത കാണിക്കണമായിരുന്നു. അതുണ്ടാവാത്തത് കൊണ്ട് മുല്ലപ്പള്ളിയുടെ കാപട്യം ഇതുവരെ മൂടിവെക്കപ്പെട്ടു. മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ധാരണയിലേർപ്പെടുന്നതിൽ മുല്ലപ്പള്ളി തടസ്സമാവുമെന്ന കണക്കുകൂട്ടലാവണം ഇപ്പോഴത്തെ വെളിപ്പെടുത്തലിനു പിന്നിൽ. രാഷ്ട്രീയ സാഹചര്യങ്ങളെ ക്ഷമാപൂർവം നേരിടുന്നതിനു പകരം, അധികാരരാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴി തേടിയതിന്‍റെ പരിണതിയാണീ ദുരന്തമെന്ന് കാസിം ഇരിക്കൂർ പ്രസ്‌താവനയിൽ പറഞ്ഞു.