തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചകളും കൊഴുക്കുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിജയമായി മാറിയിട്ടുള്ള രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യതയെങ്കിലും ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും പി.ജെ കുര്യന്‍ അടക്കമുള്ളവര്‍ സംസ്ഥാനത്ത് മത്സരത്തിനുണ്ടാകുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍.
അവസാന കാലത്ത് ഉണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തെ വരിഞ്ഞു മുറുക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന് അനുകൂലമായുള്ള കളം സൃഷ്ടിക്കാന്‍ മികച്ചവര്‍ തന്നെ മത്സര രംഗത്ത് ഉണ്ടാകണമെന്ന വിലയിരുത്തലുകളുണ്ട്. ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അവയെയെല്ലാം അതിജീവിച്ച് കയറിയെങ്കിലും സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ ഉണ്ടായിരിക്കുന്ന പതര്‍ച്ച മുതലെടുക്കാനായാല്‍ യുഡിഎഫിന് മേല്‍ക്കൈ നേടാനാകും. കഴിഞ്ഞ തവണ എല്‍ഡിഎഫിലേക്ക് മറിഞ്ഞുപോയ വോട്ടുകള്‍ വ്യാപകമായി തിരിച്ചു പിടിക്കാനായാലേ യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയൂ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് തയ്യാറെടുക്കും. അപ്പോഴേ ആരൊക്കെ മത്സര രംഗത്ത് ഉണ്ടാവണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പള്ളി മത്സരിക്കുമെന്ന് ഉറപ്പില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്റ് നിര്‍ബ്ബന്ധിച്ചിട്ടും മുല്ലപ്പള്ളി മാറി നിന്നതിന് കാരണം കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടായിരിക്കാമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ നിര്‍ബ്ബന്ധിതമായാല്‍ വടകരയില്‍ നിന്നോ കല്‍പ്പറ്റയില്‍ നിന്നോ അദ്ദേഹം ജനവിധി തേടിയേക്കാം. ലോക് താന്ത്രിക് ജനതാദള്‍ സീറ്റ് തിരിച്ചു നല്‍കിയ സാഹചര്യത്തില്‍ കല്‍പ്പറ്റയ്ക്കായി മുസ്ലിംലീഗ് അവകാശം ഉന്നയിക്കുന്നതിനാല്‍ മുല്ലപ്പള്ളി വടകരയില്‍ നിന്നു തന്നെ മത്സരിച്ചേക്കാന്‍ സാധ്യതയുണ്ട്. അതേസമയം വടകരയില്‍ ആര്‍എംപിയുമായി സഖ്യമുണ്ടാക്കി കെ കെ രമയെ മത്സരിപ്പിക്കാനുള്ള സാഹചര്യവും യുഡിഎഫ് ചര്‍ച്ചകളിലുണ്ട്. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫസര്‍ പി.ജെ കുര്യന്‍ തിരുവല്ലയില്‍ നിന്നും മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ്. മുന്‍നിര നേതാക്കളെ കളത്തിലിറക്കി യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുവാന്‍ ഇപ്പോഴേ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി.
മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പുറമേ മുല്ലപ്പള്ളി കൂടി വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യവും ഉയരും. പ്രൊഫസര്‍ പി.ജെ കുര്യനും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി തന്നെ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാര്യങ്ങള്‍ അനുകൂലമാണെങ്കിലും കഴിഞ്ഞ തവണ മറിഞ്ഞു പോയ വോട്ടുകള്‍ തിരിച്ചു പിടിക്കുകയാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. ഇതിനായി എല്‍ഡിഎഫിനൊപ്പം ബിജെപിയെ കൂടി മറി കടക്കേണ്ടി വരുന്നതാണ് വെല്ലുവിളി. കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് പ്രധാന അജണ്ഡകളില്‍ ഒന്നായി ബിജെപി കരുതുന്നത്. രാജ്യത്ത് ശക്തമായ സാന്നിദ്ധ്യമായിട്ടും വഴങ്ങാതെ നില്‍ക്കുന്ന ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തിനപ്പുറത്തേക്ക് കടന്നു കയറാനുള്ള നീക്കങ്ങളില്‍ കേരളത്തെ ഒരു താക്കോലാക്കി മാറ്റാനാണ് ബിജെപിയുടെ ഉന്നം. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന് ലക്ഷ്യത്തില്‍ ഇടതുപക്ഷത്തെ ബിജെപി വലിയ എതിരാളികളായി കരുതുന്നില്ലെന്ന് കണക്കാക്കിയാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. അത് മുന്നില്‍ കണ്ട് യുവനിരയിലെയും പരിചയ സമ്പന്നരിലെയും വലിയ മുഖങ്ങളെ തന്നെ കോണ്‍ഗ്രസിന് ഇറക്കേണ്ടി വരും.