തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കിയതായുള്ള ഉത്തരവിറക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നത്. കേരളത്തിലെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കാന്‍ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍. പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
ഫിഷറീസ് നയത്തിന് വിരുദ്ധമായ ഒരു കരാറാണ് മുഖ്യമന്ത്രിയുടെ അറിവോടെ രഹസ്യമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫെബ്രുവരി 2020 ല്‍ ഇഎംസിസിയും കെഎസ്‌ഐഡിസിയുമായി ഒപ്പിട്ട ധാരണപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശ പ്രകാരം റദ്ദാക്കിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ വിവാദത്തില്‍ നിന്നും തടിയൂരാനാണ് ധാരണപത്രം റദ്ദാക്കിയെന്ന നട്ടാല്‍ കുരുക്കാത്ത നുണ സര്‍ക്കാര്‍ പറഞ്ഞത്. ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ രംഗത്ത് വന്ന കൊല്ലം അതിരൂപതയെ പോലും വിമര്‍ശിച്ച സര്‍ക്കാരാണ് ധാരണപത്രം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാതെ ഒളിച്ചുകളി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.