കോഴിക്കോട് : സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിശിതമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരിയുടെ പത്രസമ്മേളനം മുഖം നഷ്ടപെട്ട നേതാവിന്റെ വിലാപം മാത്രമാണെന്നും പരാജയപെടുമ്പോള്‍ വര്‍ഗീയതയെ കൂട്ടുപിടിച്ച് പരിഭ്രാന്തരായി ഓടുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സി.പി.ഐ.എമ്മിന് ധാര്‍മികമായ അവകാശം ഇല്ലെന്നും ഇന്ത്യയില്‍ സി.പി.ഐ.എമ്മിനെ പോലെ തരാതരം വര്‍ഗീയതയെ വാരിപുണരുന്ന പ്രസ്ഥാനം ഇന്ന് വരെയുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശീയ പ്രസ്ഥാനകാലത്ത് ആര്‍.എസ്.എസുമായും സ്വാതന്ത്രൃം കിട്ടിയതിന് ശേഷം ജനസംഘവുമായും നമ്മുടെ രാജ്യത്തെ തീവ്ര മതവികാരം ഉയര്‍ത്തുന്ന പ്രസ്ഥാനങ്ങളുമായും കൈകോര്‍ത്തുപിടിച്ചവരാണ് സി.പി.ഐ.എം എന്നും സംസ്ഥാനമങ്ങോളം എസ്.ഡി.പി.ഐയുമായി നല്ല ബന്ധമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
എപ്പോഴാണ് കോടിയേരിക്ക് ജമാഅത്തെ ഇസ്‍ലാമിയെ ഇഷ്ടപ്പെടാത്ത സംഘടനയായി മാറിയതെന്നും ജമാഅത്തെ ഇസ്‍ലാമിയുടെ സഹായവും ആശ്രയവുമായി മുന്നോട്ട് പോയ പ്രസ്ഥാനമാണ് സി.പി.എമ്മെന്നും ഇക്കാര്യം നിഷേധിക്കാന്‍ ആവുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
മുങ്ങിത്താഴുന്ന കപ്പലിന്റെ കപ്പിത്താന്റെ വിലാപം വിട്ട് കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയം പറയണമെന്നും സര്‍ക്കാരിന്റെ അന്ത്യം അടുത്തതായും മുല്ലപ്പള്ളി പറഞ്ഞു. ചമ്പല്‍ കൊള്ളക്കാരേക്കാള്‍ വലിയ കൊള്ളയാണ് സര്‍ക്കാരിനെന്നും പുത്ര വാത്സല്യത്താല്‍ കോടിയേരി മതി മറക്കുകയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. എ.പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയത് ബി.ജെ.പിയുടെ ഗതികേടാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.