തിരുവനന്തപുരം : ബസ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദുരിതകാലം സര്‍ക്കാര്‍ കൊയ്ത്തുകാലമായാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതകാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബസ് ചാര്‍ജ് കൂട്ടിയത് പോരാതെ വൈദ്യുതി ചാര്‍ജിലും വന്‍ കൊള്ളയാണ് നടത്തുന്നത്. സ്വകാര്യതയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് സര്‍ക്കാര്‍ സ്പ്രിംഗ്ളർ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
കൊവിഡിന്‍റെ മറവില്‍ സ്പ്രിംഗ്ളർ അഴിമതിയില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിനെ കോണ്‍ഗ്രസ് സമ്മതിക്കില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ നിന്ന് മാറ്റണം. പതിമൂന്ന് ലക്ഷം കുട്ടികളുടെ ജീവന്‍ വെച്ചാണ് സര്‍ക്കാര്‍ പന്താടുന്നത്. സാമൂഹിക അകലം പാലിച്ച് പതിമൂന്ന് ലക്ഷം കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു മാസ്ക് ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാനാകില്ലയെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ പതിനഞ്ച് രൂപ വീതം നല്‍കി കുട്ടികള്‍ രണ്ട് മാസ്ക് വാങ്ങേണ്ടി വരും. നിരാലംബരായ കുട്ടികളെ ദ്രോഹിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണ് പരീക്ഷകള്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മദ്യശാലയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യശാലകളെ സ്വകാര്യവത്കരിക്കുന്നത് വന്‍ അഴിമതിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍പരാജയമാണ്. മറുനാടന്‍ മലയാളികളെ കൊണ്ടുവരാന്‍ ഒരു ട്രെയിന്‍ ഓടിക്കാനുള്ള മനസ് പോലും ഈ സര്‍ക്കാര്‍ കാണിച്ചില്ല. കേരളം പ്രഖ്യാപിച്ച കൊവിഡ് പാക്കേജില്‍ പതിനാലായിരം കോടി രൂപയും കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് നല്‍കിയത്. സാധാരണക്കാരന് ഉപയോഗമുള്ള യാതൊന്നും കേന്ദ്ര പാക്കേജിലോ കേരള പാക്കേജിലോ ഇല്ല. കുടിയേറ്റ തൊഴിലാളികളുടെ അപകട മരണങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ ലോക്ക്ഡൗണാണ്. കൊവിഡ് രോഗികളല്ലാത്ത സാധാരണ രോഗികളുടെ കാര്യം വലിയ കഷ്ടമാണ്. അവര്‍ക്ക് കൃത്യമായ പരിശോധന കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.