തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ആകുന്നതിനാല്‍ ഇത് അടിയന്തരമായി റദ്ദു ചെയ്ത് പണം കോവഡ് 19 ഫണ്ടിലേക്കു മാറ്റണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതിനു മുമ്പ് പാഴ്‌ച്ചെലവുകള്‍ റദ്ദാക്കി സര്‍ക്കാര്‍ മാതൃക കാട്ടണം.
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം.
ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയത്. ഈ പരിപാടി പഴയതുപോലെ ആക്കിയാല്‍ സര്‍ക്കാരിന് കോടികള്‍ ലാഭിക്കാമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. നൂറിലധികം ഓഫീസര്‍മാരുള്ള പിആര്‍ഡിയെയും കൂറ്റന്‍ സംവിധാനങ്ങളുള്ള സിഡിറ്റിനെയും മറികടന്നാണ് ഈ കരാര്‍.
14 ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ അനുവദിച്ചിരിക്കുന്ന 700 കോടി രൂപ അടിയന്തരമായി കോവിഡ് ഫണ്ടിലേക്കു മാറ്റണം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണുള്ള ഒരു നിലയത്തിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പ്രതിമാസം 1.44 കോടി രൂപ വാടക നല്കുന്ന ഹെലികോപ്റ്ററിന് ജിഎസ്ടി, പൈലറ്റ്, കോ പൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനീയര്‍ എന്നിവരുടെ ശമ്പളം, അവരുടെ 7 സ്റ്റാര്‍ ഹോട്ടല്‍ താമസം തുടങ്ങിയവ കൂട്ടുമ്പോള്‍ പ്രതിമാസം 2 കോടി രൂപയോളമാകും. വര്‍ഷം 24 കോടി രൂപയുടെ ധൂര്‍ത്ത്.
പിണറായി സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കി കുടിയിരുത്തപ്പെട്ട അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നു. ആര്‍ ബാലകൃഷ്ണപിള്ള- മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, തോറ്റ എംപി എ. സമ്പത്ത്- ഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍, വിഎസ് അച്യുതാനന്ദന്‍-ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍- ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടിഎ, ഡിഎ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്.
മുഖ്യമന്ത്രിക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന 8 ഉപദേശകരെ ഉടനടി പിരിച്ചുവിടണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഭാഗികമായെങ്കിലും നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ ഖജനാവ് വീണ്ടും നിറയുമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.