തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിക്കത്ത് തയ്യാറാക്കി. അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും പുതിയ പ്രസിഡന്റിനെ എത്രയും വേഗം നിയമിക്കണമെന്നും മുല്ലപ്പള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വേണ്ടി അശോക് ചവാന്‍ സമിതി നടപടികളും തുടങ്ങിക്കഴിഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരുമായി അശോക് ചവാന്‍ സമിതിയുടെ കൂടിക്കാഴ്ച തുടങ്ങിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. കൂടാതെ എംപിമാരില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്.
ചവാന്‍ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം കെപിസിസി അധ്യക്ഷനെ നിയമിച്ചേക്കും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂണ്‍ ഒന്നിന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുണ്ടാകും. അതേസമയം മുതിര്‍ന്ന നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പേര് നിര്‍ദ്ദേശിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ്.
അതിനിടെ ഹൈക്കമാന്‍ഡ് തീരുമാനം വൈകരുതെന്ന് നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ താന്‍ പാര്‍ട്ടിയെ നയിക്കുന്നത് ഉചിതമല്ല. യുക്തമായ തീരുമാനം ഉടനെ വേണം. കെ സുധാകരനാണ് നിലവില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുന്‍തൂക്കം. കെ മുരളീധരനും ഈ സ്ഥാനം മോഹിക്കുന്നവരുടെ കൂട്ടത്തിലാണ്.
കെ സുധാകരന്റെ പേരില്‍ വലിയ തടസങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചാല്‍ ബദല്‍ നിര്‍ദ്ദേശങ്ങളും പരിഗണിക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ കൊടിക്കുന്നില്‍ സുരേഷിനെയും ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെപിസിസി യുടെ താക്കോല്‍ സ്ഥാനത്തിനുള്ള അര്‍ഹത തങ്ങള്‍ക്കാണെന്ന് ഒന്നിലധികം നേതാക്കള്‍ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് പട്ടികയില്‍ കെ.സുധാകരനാണ് മുന്നില്‍. മറ്റൊല്ലാ പരിഗണനകള്‍ക്കും അപ്പുറം പ്രവര്‍ത്തകരെ സജീവമാക്കാന്‍ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു.
അതേസമയം ഗ്രൂപ്പു മാനേജര്‍മാര്‍ക്കും കെ സി വേണുഗോപാലിനും കെ സുധാകരന്‍ അധ്യക്ഷനാകുന്നതില്‍ താല്‍പ്പര്യക്കുറവുണ്ട്. സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റായാല്‍ തങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് വിചാരിക്കുന്നവരാണ് അദ്ദേഹത്തിന്റെ എതിര്‍ ഗ്രൂപ്പിലുള്ള കണ്ണുരിലെ കോണ്‍ഗ്രസ് നേതാക്കള്‍. അതുകൊണ്ട് തന്നെ അവര്‍ സുധാകരനെതിരെ കരുനീക്കം ശക്തമാക്കിയിട്ടുണ്ട്.
സുധാകരനെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി എ.ഐ.സി.സിക്ക് മെയിലും കത്തെഴുതലാണ് ഇവരുടെ ഇപ്പോഴത്തെ പണി. കെപിസിസി യിലും ആന്റി സുധാകരന്‍ ക്യാമ്പയിന്‍ തകൃതിയായി നടക്കുന്നുണ്ട്. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായ ജില്ലയിലെ സുധാകരന്റെ കടുത്ത എതിരാളിയായ നേതാവാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പാര്‍ട്ടിയെ കണ്ണുരില്‍ നാമാവശേഷമാക്കിയത് കെ.സുധാകരന്റെ നേതൃത്വമാണെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇദ്ദേഹം വിശദീകരിക്കുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികളായ അശോക് ചവാനും താരിഖ് അന്‍വറും കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെത്താന്‍ പോകുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തലപ്പത്തിരിക്കുന്ന സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ ആന്റണി എന്നിവര്‍ക്ക് സുധാകരനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് നിരന്തരം മെയില്‍ സന്ദേശമയക്കുകയാണ് കണ്ണുരിലെ വിമത വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സുധാകരനുമായി ഇടഞ്ഞു നില്‍ക്കുന്നതാണ് ഇവര്‍ക്ക് സഹായകരമാകുന്നത്.