കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്കു സമർപ്പിക്കും. കൂടുതൽ പരിശോധന വേണമോയെന്ന് ഇന്നു നടക്കുന്ന സമിതി യോഗത്തിൽ തീരുമാനിക്കുമെന്നും ചെയർമാൻ ബൽരാജ് ജോഷി പറഞ്ഞു. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ സ്ഥിതിയെക്കുറിച്ചു വിശദമായ സാങ്കേതിക റിപ്പോർട്ട് സമിതി തയാറാക്കും. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022ലാണ് മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.
ഇന്നലെ പ്രധാന അണക്കെട്ട്, ഗാലറി, ബേബി ഡാം എന്നിവിടങ്ങളിൽ സമിതി പരിശോധന നടത്തി. അണക്കെട്ടിനു വിള്ളലുകൾ, പൊട്ടലുകൾ, മണ്ണൊലിപ്പ്, തേയ്മാനം എന്നിവ ഉണ്ടോയെന്നും പരിശോധിച്ചു. അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഭൂകമ്പസാധ്യത, ഭൂകമ്പത്തെ ചെറുക്കാനുള്ള അണക്കെട്ടിന്റെ ശേഷി, ഭൂകമ്പം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനം, അവയിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ എന്നിവയും പരിശോധിച്ചു. സ്പിൽവേ ഗേറ്റുകൾ, ഗേറ്റ് ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയും സംഘം വിലയിരുത്തി. റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്ക് നൽകുന്നതിനൊപ്പം തമിഴ്നാട്, കേരള സർക്കാരുകൾക്കും നൽകും.






























