തിരുവനന്തപുരം : മുല്ലപെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചിരിക്കുന്നത്.
നവംബര്‍ ഒന്നാം തീയതി ജലവിഭവ വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയുടെ ചേബറില്‍ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മുല്ലപെരിയാറിലെ ബേബിഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവാദം നല്‍കിയത്. ഉത്തരവ് വിവാദമായതോടെ ഇങ്ങനെ ഒരു യോഗമേ ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഔദ്യോഗിക കത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ യോഗത്തിന്‍റെ തൊട്ടുപിറ്റേദിവസമായ നവംബര്‍ രണ്ടാംതീയതി അഡിഷണല്‍ ചീഫ് സെക്രട്ടറി തമിഴ്നാട് സര്‍ക്കാരിന് ഒരുകത്തയച്ചു. മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ആവശ്യം.
തമിഴ്നാട് അംഗങ്ങളുടെ പേരുകളറിയിച്ചാല്‍, ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കാനാകുമെന്നാണ് കത്തു പറയുന്നത്. തമിഴ്നാടുമായി യോജിച്ചും സമവായമുണ്ടാക്കിയും പുതിയ ഡാമെന്ന ആവശ്യം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് ഒരു വിശദീകരണം. അതേസമയം പുതിയഡാമെന്ന ആശയത്തെ എതിര്‍ക്കുന്ന തമിഴ്നാടിന്‍റെ അംഗങ്ങളെ എന്തിനാണ് സാധ്യതാ പഠനത്തില്‍പങ്കാളികളാക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബർ 17 ന് ചേര്‍ന്ന കേരള, തമിഴ്നാട് സംയുക്ത യോഗത്തിലാണ് സാങ്കേതിക സമിതിയെ നിയോഗിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചത്. തമിഴ്നാട് ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.