ഇലവുംതിട്ട : സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മൂലൂര്‍ സ്മാരക സമിതിയുടെ 34 മത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവരുടെ ഒരു ആശയവും ഒരു വാക്കും നിശബ്ദമാകാന്‍ പാടില്ല. സാഹിത്യത്തില്‍ ഒഴുക്കിനെതിരെ നീന്തിയ വ്യക്തിയാണ് സരസകവി മൂലൂര്‍. മൂലൂരിന്റെ കവി രാമായണം കവിത ഒരു പ്രവേശന വിളംബരമായിരുന്നു. മൂലൂരിനെ ഓര്‍ക്കുമ്പോള്‍ മനുഷ്യന്റെ ഉള്ളില്‍ ഒരു സ്വയം വിമര്‍ശനം ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് 34-ാമത് മൂലൂര്‍ അവാര്‍ഡും പ്രശസ്തിപത്രവും വിനോദ് വൈശാഖിക്കും നവാഗത കവികള്‍ക്കായുള്ള ആറാമത് മൂലൂര്‍ പുരസ്‌കാരവും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണനും സമ്മാനിച്ചു. വിനോദ് വൈശാഖിയുടെ ‘കൈതമേല്‍പച്ചയ്ക്ക് 25001 രൂപയും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണന്റെ ‘വരാന്‍ പോകുന്ന ഇന്‍സ്റ്റലേഷന്‍സ് എന്ന കവിതയ്ക്ക് 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.
മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിധി നിര്‍ണയ സമിതി ചെയര്‍മാനും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗവുമായ ഡോ.കെ.വി. സുധാകരന്‍, മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാല്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരന്‍, മൂലൂര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി വി. വിനോദ്, കെ.എന്‍.ശിവരാജന്‍, പി.ഡി. ബൈജു, ഡോ. അനു ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.