അഹമ്മദാബാദ്: അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടന്നുപോന്ന വൻ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും പുറത്തുകൊണ്ടുവന്ന് ആദായനികുതി വകുപ്പ്. വ്യാജ സംഭാവനകളുടെ മറവിൽ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ആദായനികുതി വകുപ്പിന്‍റെ പരാതിയിൽ ഗാന്ധിനഗർ സി.ഐ.ഡി ക്രൈം വിഭാഗം കേസെടുത്തു. ഗാന്ധിനഗറിൽ രജിസ്റ്റർ ചെയ്ത ഭാരതീയ നാഷണൽ ജനതാ ദൾ, അഹമ്മദാബാദിലെ ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി എന്നീ പ്രമുഖമല്ലാത്ത സംഘടനകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വലിയ തുകകൾ സംഭാവനയായി സ്വീകരിച്ച് വ്യാജ രസീതുകൾ നൽകുകയും തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച് രണ്ട് മുതൽ പത്ത് ശതമാനം വരെ കമ്മീഷൻ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല മാർഗ്ഗങ്ങളിലൂടെ ദാതാക്കൾക്ക് തന്നെ തിരിച്ചുകൊടുക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. ഇതുവഴി സംഭാവന നൽകിയ വ്യക്തികൾക്ക് ആദായനികുതി ഇളവുകൾ പൂർണ്ണമായും നിയമവിരുദ്ധമായി നേടിയെടുക്കാൻ സാധിച്ചു.
ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത് ഭാരതീയ നാഷണൽ ജനതാ ദൾ എന്ന പാർട്ടിയാണ്. അൻപതിനായിരത്തിലധികം ദാതാക്കളിൽ നിന്നായി 1,143 കോടിയിലധികം രൂപ കൈപ്പറ്റിയ ഇവർ 343 കോടിയുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്. വ്യാജ ബില്ലുകൾ നിർമ്മിച്ചും ഷെൽ കമ്പനികൾ വഴി പണം മാറ്റിയുമായിരുന്നു തട്ടിപ്പ്. മറ്റ് രണ്ട് പാർട്ടികളും സമാനമായ രീതിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സംഭവത്തിൽ പാർട്ടികളുടെ പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ, ഹവാല ഇടനിലക്കാർ, കണക്കുകൾ പരിശോധിക്കാതെ വ്യാജ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി ഒപ്പിട്ടു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കെതിരെ വഞ്ചനയും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.































