മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് 19 മരണസംഖ്യ ഉയരുന്നു. തിങ്കളാഴ്ച 18 പേരാണ് കോവിഡ് ബാധിച്ച് മുംബൈയില്‍ മാത്രം മരിച്ചത്. 510 പേര്‍ക്ക് ഇന്ന് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തുതന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈ. മുംബൈയില്‍ മാത്രം 361 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 9,123 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 12,974 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 548 പേരാണ് ഇവിടെ മരിച്ചത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും അധികം രോഗികള്‍ ഉള്ളത് ഗുജറാത്തിലാണ്. 5,428 പേര്‍ക്കാണ് ഗുജറാത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, 2573 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 83 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 42,836 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 29,685 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. 1389 പേരാണ് വൈറസ് ബാധ മൂലം രാജ്യത്ത് ഇതുവരെ മരണമടഞ്ഞത്.