മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരം ഭാഗികമായ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചന നല്‍കി മന്ത്രി അസ്ലം ഷെയ്ക്ക്. തുടക്കത്തില്‍ മുംബൈ നഗരത്തിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായിരുന്നെങ്കിലും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഞായറാഴ്ച മത്രം മഹാരാഷ്ട്രയില്‍ 11,141 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1361 കേസുകളും മുംബൈ നഗരത്തിലാണ്. കഴിഞ്ഞ 131 ദിവസത്തിനിടയില്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 142 ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 11000 കടക്കുന്നത്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആശങ്ക വര്‍ധിപ്പിക്കുന്നു.
മുംബൈയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആശങ്ക പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭാഗിക ലോക്ക്ഡൗണിന്റെ സാധ്യതകള്‍ പരിശോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് കോവിഡ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 97,983 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഞായറാഴ്ച വരെ ചികിത്സയിലുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 9319 പേര്‍ മുംബൈ നഗരത്തില്‍ തന്നെയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഏപ്രിലില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ഏട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ മുംബൈയിലെ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ പടിയായി മുഖാവരണം ധരിക്കാത്തവരില്‍ നിന്നും ഹാളുകളിലും പബ്ബുകളിലും കൂട്ടംകൂടുന്നവരില്‍ നിന്നും പിഴ ഈടാക്കിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രിക്കും.
കര്‍ശന ക്വാറന്റീന്‍, കോവിഡ് പരിശോധന വര്‍ധിപ്പിക്കുക, വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുക എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍. എന്നിട്ടും നഗരത്തിലെ പുതിയ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുമെന്നും മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.