മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി നടനും മോഡലുമായ റോഹുല്ല മെഹ്ദി ധാറിനെ (റോഹു) മീരാ റോഡിലെ കാശിമിര പോലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം സഹായിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. മലാഡിലെ ഒരു ഷൂട്ടിങ് സ്റ്റുഡിയോയ്ക്ക് പുറത്തുനിന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 5.6 ലക്ഷം രൂപ വിലമതിക്കുന്ന 28 ഗ്രാം മെഫെഡ്രോൺ (എം.ഡി) മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. റോഹുല്ലയെ പ്രധാന പ്രതിയാക്കി കാശിമിര പോലീസ് എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ ഓപ്പറേഷൻ നടത്തിയത്. സ്നാപ്ചാറ്റ്, വാട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് കാശിമിര പോലീസ് ഒരു വ്യാജ ഉപഭോക്താവിനെ ഉപയോഗിച്ച് കെണിയൊരുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സഞ്ജയ് ലോഖണ്ഡേ പറഞ്ഞു. ദഹിസർ ചെക്ക് നാകയിലെ താക്കൂർ മാളിന് സമീപം 28 ഗ്രാം മയക്കുമരുന്ന് എത്തിക്കാൻ കാസിഫ് എന്നയാളോട് ആവശ്യപ്പെട്ട് വിളിച്ചുവരുത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അറസ്റ്റിലായ റോഹുല്ല മെഹ്ദിയെ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. സിനിമാ മേഖലയിലെ പ്രമുഖർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനും ഇയാളുടെ ഉപഭോക്തൃ പട്ടികയും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി റോഹുല്ലയെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ലഹരിമരുന്ന് വിതരണക്കാരും സിനിമാ വ്യവസായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഈ അറസ്റ്റ് പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























