മുംബൈ : മുംബൈ നഗരത്തിലും പ്രാന്തപ്രദേശമായ താനെയിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച റായ്ഗഢ്, രത്‌നഗിരി ജില്ലകളിലും ബുധനാഴ്ച പാല്‍ഘര്‍ ജില്ലയിലും റെഡ് അലര്‍ട്ടുണ്ട്.
ഇതേത്തുടര്‍ന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നാണ് ബി.എം.സി. മുന്നറിയിപ്പ് നല്‍കുന്നത്. തീരസുരക്ഷാ സേനയോടും ദ്രുതകര്‍മ സേനയോടും ജാഗരൂകരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും ഇതിനോടകം വെള്ളത്തിനടിയിലായിട്ടുണ്ട്.
കഴിഞ്ഞ 10 മണിക്കൂറില്‍ 230 മില്ലീമീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ 4.5 മീറ്റര്‍ ഉയരത്തില്‍ വേലിയേറ്റം പ്രതീക്ഷിക്കുന്നതിനാല്‍ തീരപ്രദേശത്തും മറ്റും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങള്‍ പോകരുതെന്ന നിര്‍ദേശമുണ്ട്. ഇന്നും നാളെയും(ഓഗസ്റ്റ് 4,5) മുംബൈ നിവാസികള്‍ പരമാവധി വീട്ടിനുള്ളില്‍ കഴിയാനും നിര്‍ദേശമുണ്ട്.
ബെസ്റ്റ്, അദാനി ഇലക്ട്രിക്കല്‍സ് എന്നിവയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
റായ്ഗഢ്, രത്‌നഗിരി ജില്ലകളിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 204.5 മില്ലീമീറ്റര്‍ മഴ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച വൈകീട്ടോടെതന്നെ പല പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ചൊവ്വാഴ്ചയോടെ ഇത് കൂടുതല്‍ ശക്തിപ്രാപിക്കും. ബുധനാഴ്ചയും മഴ നീണ്ടുനില്‍ക്കാനാണ് സാധ്യത. പാല്‍ഘറിലും ചൊവ്വാഴ്ചത്തേക്കാള്‍ മഴ ശക്തി പ്രാപിക്കുക ബുധനാഴ്ചയായിരിക്കും. മഹാരാഷ്ട്രയുടെ മറ്റു പ്രദേശങ്ങളിലും മഴ വ്യാപകമായി ലഭിക്കുമെങ്കിലും ഇത്രത്തോളം ശക്തമായിരിക്കില്ല.