മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ നിന്ന് ജന്മനാടുകളിലേക്ക് തിരികെ പോകാന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്ക്. വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് മിക്കവരും തിരികെ പോകുന്നത്. കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ട്രെയിനുകളില്‍ ഇടം നേടാനുള്ള പരക്കം പാച്ചിലിലാണ് ഇതര സംസ്ഥാനത്തൊഴിലാളികളും കുടുംബങ്ങളും. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഖോരക്പൂരിലേക്കുള്ള ട്രെയിനില്‍ അസാധാരണമായ തിരക്കാണ് കാണാനായത്.
അതേസമയം വിവിധ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില്‍പ്പന റെയില്‍വേ നിര്‍ത്തിവെച്ചു. റെയില്‍വേ സ്റ്റേഷനുകളിലേയും പ്ലാറ്റ്ഫോമുകളിലേയും തിരക്കൊഴിവാക്കാനാണ് ഈ നടപടി. ലോകമാന്യ തിലക് ടെര്‍മിനസ്, കല്യാണ്‍, താനെ, ദാദര്‍, പന്‍വേല്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്നിവിടങ്ങളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയത്. മഹാരാഷ്ട്രയ്ക്ക് പുറമേ മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സമാനമായ സാഹചര്യമാണുള്ളത്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെ വലഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ രാജ്യവ്യാപക ലോക്ഡൗണില്‍ ജീവിതമാര്‍ഗ്ഗം നഷ്ടമായി കുഞ്ഞുങ്ങളും കുടുംബവുമായി ജന്മനാടുകളിലേക്ക് നടന്ന് പോകേണ്ട സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിയിരുന്നു. വ്യാഴാഴ്ച ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 8938 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11874 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചിട്ടുള്ളത്.