മഹാരാഷ്ട്ര: കോവിഡ് മരണം അറുനൂറ് കടന്നു. രോഗികളുടെ എണ്ണം പതിനയ്യായിരം പിന്നിട്ടു. നിയന്ത്രണങ്ങള്‍ മറികടന്ന് ജനം തെരുവിലിറങ്ങുന്നത് പതിവായതോടെ മുംബൈയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ റദ്ദാക്കി. കഴിഞ്ഞദിവസം തുറന്ന മദ്യശാലകള്‍ അടച്ചു.
ഇരുപത്തിനാല് മണിക്കൂറിനിടെ 34 മരണം, 841 പുതിയ രോഗികള്‍, അതിവേഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ് മഹാരാഷ്ട്രയുടെ കോവിഡ് ഗ്രാഫ്. ആകെ 15525 കേസുകള്‍, 617 മരണം. ഇന്നലെ മാത്രം മുംബൈയില്‍ 26 പേര്‍ മരിച്ചു. പുണെയില്‍ ആറ് പേരും ഔറംഗാബാദിലും കോലാപൂരിലും ഓരാള്‍ വീതവും മരിച്ചു. ധാരാവിയില്‍ രോഗികളുടെ എണ്ണം 665 ആയി. ഇതുവരെ 20 മരണമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്‍തത്.
മുംബൈയില്‍ അനുവദിച്ച ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനം മതിമറന്നതോടെയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അച്ചടക്കത്തിന്റെ വടിയെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടായ മുംബൈയില്‍ മദ്യശാലകളിലെ നീണ്ട നിര വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. മദ്യശാലകള്‍ ഉള്‍പ്പടെ ആവശ്യേതര വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പ്രവര്‍ത്തനാനുമതി മുംബൈ കോര്‍പ്പറേഷന്‍ റദ്ദാക്കി. 9758 കോവിഡ് കേസുകളാണ് മഹാനഗരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.